Friday, July 17, 2026
Kerala News

നവകേരളയാത്ര മര്‍ദ്ദനക്കേസ്: ഗണ്‍മാന്‍മാരുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു

 നവകേരളയാത്ര മര്‍ദ്ദനക്കേസ്: ഗണ്‍മാന്‍മാരുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു



ആലപ്പുഴ: നവകേരളയാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാരുടെ ചോദ്യം ചെയ്യല്‍ തുടരുന്നു. കേസിലെ പ്രതികളായ അഞ്ചു പേരെയും പ്രത്യേക അന്വേഷണസംഘം (എസ്ഐടി) പ്രത്യേകം ഇരുത്തിയാണ് ആദ്യ ദിവസത്തെ ചോദ്യം ചെയ്യല്‍ നടത്തിയത്.

അടിച്ചത് മനഃപൂര്‍വമല്ലെന്നാണ് ഗണ്‍മാന്‍ സന്ദീപ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. സംഭവസമയത്ത് ലോക്കല്‍ പൊലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെന്നും, അതിനാലാണ് വാഹനത്തില്‍ നിന്ന് ചാടി ഇറങ്ങേണ്ടി വന്നതെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ ലാത്തി എവിടെ നിന്നാണ് ലഭിച്ചതെന്ന ചോദ്യത്തിന് സന്ദീപ് വ്യക്തമായ മറുപടി നല്‍കിയില്ല.

താന്‍ ചെയ്തത് ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായിരുന്നുവെന്നും, പ്രതിഷേധക്കാരെ തടഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടാകുമായിരുന്നുവെന്നും സന്ദീപ് മൊഴി നല്‍കി. വാഹനവ്യൂഹത്തിന് നേരെ ആക്രമണസാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലാത്തി കൈവശം വച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്കാണ് ചോദ്യം ചെയ്യല്‍ നിശ്ചയിച്ചിരിക്കുന്നത്. രാവിലെ അഭിഭാഷകനൊപ്പമാണ് പ്രതികള്‍ ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായത്. അതേസമയം, കേസിന്റെ പേരില്‍ തങ്ങളെ വേട്ടയാടുകയാണെന്ന് മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന അനില്‍ കല്ലിയൂര്‍ പ്രതികരിച്ചു.

അന്വേഷണത്തിനിടെ ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും മതിയായ തെളിവുകളുടെ അഭാവം അന്വേഷണ സംഘത്തിന് വെല്ലുവിളിയാകുകയാണ്. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിനും മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടായിരുന്നോയെന്ന് കണ്ടെത്തുന്നതിനുമാണ് എസ്ഐടി ശ്രമിക്കുന്നത്.

എസ്ഐടി മേധാവി എ.പി. ഷൗക്കത്തലിയും അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു കെ. പൗലോസും നേതൃത്വം നല്‍കിയാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment