Friday, July 17, 2026
Kerala News

ഓപ്പറേഷന്‍ തൂഫാന്‍ ശക്തമാക്കി; പെരുമ്പാവൂരില്‍ നേരിട്ടെത്താന്‍ ആഭ്യന്തരമന്ത്രി, വിവിധ ജില്ലകളില്‍ വന്‍ ലഹരിവേട്ട

ഓപ്പറേഷന്‍ തൂഫാന്‍ ശക്തമാക്കി; പെരുമ്പാവൂരില്‍ നേരിട്ടെത്താന്‍ ആഭ്യന്തരമന്ത്രി, വിവിധ ജില്ലകളില്‍ വന്‍ ലഹരിവേട്ട


തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമരുന്ന് വ്യാപനത്തിനെതിരെ ആരംഭിച്ച ഓപ്പറേഷന്‍ തൂഫാന്‍ - ദി നാര്‍ക്കോ ഹണ്ട് കൂടുതല്‍ ശക്തമാക്കി സര്‍ക്കാര്‍. ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ജൂണ്‍ 15ന് പെരുമ്പാവൂരില്‍ നേരിട്ടെത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

ഓപ്പറേഷന്‍ തൂഫാനിന്റെ ഭാഗമായി ഇന്ന് നടത്തിയ പ്രത്യേക പരിശോധനയില്‍ വിവിധ ജില്ലകളില്‍ നിന്നായി അഞ്ചര കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കൊച്ചിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്തതായി കണ്ടെത്തിയ അതിഥി തൊഴിലാളിയെ ഡാന്‍സഫ് അറസ്റ്റ് ചെയ്തു. മൂന്ന് കിലോ കഞ്ചാവുമായി പിടിയിലായ അന്‍വര്‍ ഹുസൈന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് നിര്‍ണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.

പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇയാളില്‍ നിന്ന് സ്ഥിരമായി കഞ്ചാവ് വാങ്ങിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. കഞ്ചാവ് കേസില്‍ അന്‍വര്‍ ഹുസൈന്‍ നേരത്തെയും അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം, തിരുവനന്തപുരം തമ്പാനൂരില്‍ കഞ്ചാവുമായി രണ്ട് പേരെ ഡാന്‍സഫ് പിടികൂടി. പുല്ലുവിള സ്വദേശി റോബിനും തമിഴ്‌നാട് സ്വദേശിയായ അനീഷുമാണ് അറസ്റ്റിലായത്. ട്രെയിന്‍ മാര്‍ഗമാണ് ഇരുവരും കഞ്ചാവ് കടത്തിക്കൊണ്ടുവന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

അറസ്റ്റിലായ റോബിന്‍ മോഷണക്കേസുകളിലും അനീഷ് ഒഡിഷയിലെ ലഹരിമരുന്ന് കേസിലും പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. സംസ്ഥാനത്തുടനീളം ലഹരിവിരുദ്ധ പരിശോധനകളും നിരീക്ഷണവും കൂടുതല്‍ ശക്തമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment