കൊച്ചി: ശബരിമലയിലെ അഷ്ടാഭിഷേകം, നിത്യപൂജ, മഹാനിവേദ്യം, ഗണപതി ഹോമം തുടങ്ങിയ വഴിപാടുകള്‍ക്കായി ബില്ലോ വൗച്ചറോ ഇല്ലാതെ സാധനങ്ങള്‍ വാങ്ങുന്നതിനെ ന്യായീകരിച്ചുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സത്യവാങ്മൂലം ഹൈക്കോടതി തള്ളി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇത്തരം വഴിപാടുകളുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും 10 ദിവസത്തിനകം കോടതിയില്‍ ഹാജരാക്കാന്‍ ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു.
ജസ്റ്റിസ് വി. രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും ഉള്‍പ്പെട്ട ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സ്‌പോണ്‍സര്‍ ചെയ്ത സാധനങ്ങളുടെ വിശദാംശങ്ങള്‍, സ്റ്റോക്ക് രജിസ്റ്ററുകള്‍, ഓഡിറ്റര്‍ റിപ്പോര്‍ട്ടുകള്‍, ഓഡിറ്റ് രേഖകള്‍ എന്നിവയും സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. സുനില്‍ കുമാര്‍ (സുനില്‍ സ്വാമി) ഉള്‍പ്പെടെയുള്ള സ്‌പോണ്‍സര്‍മാര്‍ നല്‍കിയ സാധനങ്ങളുടെ വിവരങ്ങളും രേഖകളില്‍ ഉള്‍പ്പെടുത്തണം.
നിലവിലെ വാങ്ങല്‍ നടപടിക്രമങ്ങള്‍ സുതാര്യമാണോയെന്ന് പരിശോധിക്കാന്‍ സംസ്ഥാന ഓഡിറ്റ് വകുപ്പിനും കോടതി നിര്‍ദേശം നല്‍കി. ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയാ കേസ് പരിഗണിച്ചത്.
വഴിപാടുകള്‍ക്കാവശ്യമായ സാധനങ്ങള്‍ വാങ്ങുമ്പോള്‍ കേരള ഫിനാന്‍ഷ്യല്‍ കോഡും പര്‍ച്ചേസ് മാന്വലും പാലിക്കേണ്ടതില്ലെന്ന ദേവസ്വം ബോര്‍ഡിന്റെ വാദം കോടതി അംഗീകരിച്ചില്ല. ഇത്തരമൊരു സമീപനം ദുരുപയോഗത്തിനും സാമ്പത്തിക ക്രമക്കേടുകള്‍ക്കും തട്ടിപ്പിനും വഴിവെക്കാമെന്ന് കോടതി നിരീക്ഷിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment