തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധനം നിലവില്‍ വന്നു. ജൂലൈ 31 അര്‍ധരാത്രി വരെ നീണ്ടുനില്‍ക്കുന്ന 52 ദിവസത്തെ നിരോധനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവില്‍ കേരള തീരത്ത് കരയില്‍ നിന്നും കടലിലേക്ക് 12 നോട്ടിക്കല്‍ മൈല്‍ ദൂരം യന്ത്രവത്കൃത ബോട്ടുകള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം പൂര്‍ണ്ണമായി നിരോധിച്ചു. അതേസമയം, പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങള്‍ക്ക് ഈ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇവര്‍ക്ക് ചെറുവള്ളങ്ങള്‍ ഉപയോഗിച്ച് ഉപരിതല മത്സ്യബന്ധനം നടത്താം.
ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി നീണ്ടകര പാലത്തിന്റെ പടിഞ്ഞാറുഭാഗം, തങ്കശ്ശേരി, അഴീക്കല്‍ ഹാര്‍ബറുകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ യന്ത്രമത്സ്യബന്ധന ബോട്ടുകളുടെ സഞ്ചാരവും നങ്കൂരമിടലും പൂര്‍ണ്ണമായി നിരോധിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്‍ബോര്‍ഡ് എഞ്ചിന്‍ ബോട്ടുകള്‍ ഒഴികെയുള്ള മറ്റെല്ലാ പരമ്പരാഗത ബോട്ടുകള്‍ക്കും നീണ്ടകര ഫിഷിംഗ് ഹാര്‍ബറിലൂടെയുള്ള പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കും. കൂടാതെ, അഷ്ടമുടിക്കായലിന്റെ കിഴക്കന്‍തീരങ്ങളിലും കായല്‍മുഖങ്ങളിലുമുള്ള സ്വകാര്യ ജെട്ടികളിലോ വോര്‍ഫുകളിലോ യന്ത്രബോട്ടുകള്‍ക്ക് യാതൊരുവിധ ലാന്‍ഡിംഗ് സൗകര്യവും നല്‍കരുതെന്നും അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിരോധനം ലംഘിച്ച് ട്രോളറുകള്‍ കടലില്‍ പോകുന്നത് തടയാനായി ശക്തമായ മുന്‍കരുതലുകളാണ് സ്വീകരിച്ചിരിക്കുന്നത്. നീണ്ടകര, ശക്തികുളങ്ങര, ആലപ്പാട്, അഴീക്കല്‍ മേഖലകളിലെ എല്ലാ മറൈന്‍ ഇന്ധന പമ്പുകളും അര്‍ധരാത്രി മുതല്‍ ജൂലൈ 28 വരെ അടച്ചിടും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സ്യബന്ധന ബോട്ടുകളോട് നിരോധനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ കേരള തീരം വിട്ടുപോകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഉത്തരവുകള്‍ ലംഘിക്കുന്ന യാനങ്ങള്‍ക്കെതിരെ കടുത്ത നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കോസ്റ്റ് ഗാര്‍ഡും ഫിഷറീസ് വകുപ്പും മുന്നറിയിപ്പ് നല്‍കി. നിയമലംഘനം തടയാന്‍ വലിയ ബോട്ടുകള്‍ ഒതുക്കി ഹാര്‍ബറുകള്‍ അടച്ചിടാനാണ് തീരുമാനം.
അതേസമയം, ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ വരുംദിവസങ്ങളില്‍ ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന കടുത്ത ആശങ്കയിലാണ് മത്സ്യത്തൊഴിലാളികള്‍. കാലവര്‍ഷം കനത്തതോടെയുണ്ടായ മോശം കാലാവസ്ഥയും കടല്‍ക്ഷോഭ മുന്നറിയിപ്പുകളും കാരണം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവര്‍ക്ക് കടലില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. അതിനുപിന്നാലെ ട്രോളിങ് നിരോധനം കൂടി എത്തിയതോടെ തീരപ്രദേശങ്ങള്‍ വറുതിയിലാകുമെന്ന ഭീതിയിലാണ് തൊഴിലാളി കുടുംബങ്ങള്‍.
Comments
No comments yet. Be the first to comment!
Leave a Comment