Friday, July 17, 2026
Kerala News

സിഎംആര്‍എല്‍- എക്സാലോജിക് കേസ്: വീണ ടിയെ ചോദ്യം ചെയ്യാന്‍ ചോദ്യാവലി തയാറാക്കി ഇഡി

സിഎംആര്‍എല്‍- എക്സാലോജിക് കേസ്: വീണ ടിയെ ചോദ്യം ചെയ്യാന്‍ ചോദ്യാവലി തയാറാക്കി ഇഡി

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ എക്സാലോജിക് സൊല്യൂഷന്‍സ് മേധാവി വീണ ടി.യെ ചോദ്യം ചെയ്യുന്നതിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വിശദമായ ചോദ്യാവലി തയാറാക്കി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പി.എം.എല്‍.എ) വെള്ളിയാഴ്ച കൊച്ചിയിലെ സോണല്‍ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്കാണ് കേന്ദ്ര ഏജന്‍സി സമന്‍സ് അയച്ചിരിക്കുന്നത്. ഐടി കണ്‍സള്‍ട്ടന്‍സി സേവനങ്ങളുടെ മറവില്‍ സിഎംആര്‍എല്ലില്‍ നിന്ന് വീണ കൈപ്പറ്റിയ 2.78 കോടി രൂപ എങ്ങനെ വിനിയോഗിച്ചു എന്നതിലാണ് ഇ.ഡി പ്രധാനമായും വ്യക്തത തേടുന്നത്.

ഈ പണം ഉപയോഗിച്ച് എവിടെയെങ്കിലും സ്വത്തുക്കള്‍ സമ്പാദിച്ചിട്ടുണ്ടെന്ന് വ്യക്തമായാല്‍ അവ കണ്ടുകെട്ടാനുള്ള നീക്കങ്ങളും ഇ.ഡി ആരംഭിച്ചിട്ടുണ്ട്. കൂടാതെ സിഎംആര്‍എല്‍ എം.ഡി ശശിധരന്‍ കര്‍ത്തയുടെ നിയന്ത്രണത്തിലുള്ള മറ്റൊരു കമ്പനിയായ ഇ.ഐ.സി.പി.എല്ലില്‍ (EicPL) നിന്നും ലക്ഷക്കണക്കിന് രൂപ വീണയുടെ കമ്പനിക്ക് വായ്പയായി ലഭിച്ച സാഹചര്യവും അതിന്റെ തിരിച്ചടവ് വിവരങ്ങളും ചോദ്യം ചെയ്യലില്‍ വിശദീകരിക്കേണ്ടി വരും. വായ്പ തിരിച്ചടയ്ക്കാന്‍ വൈകിയിട്ടും വീണ്ടും സാമ്പത്തിക സഹായം നല്‍കിയതിന് പിന്നിലെ വാണിജ്യപരമായ ലക്ഷ്യങ്ങളും അന്വേഷണ പരിധിയിലുണ്ട്.

കേസുമായി ബന്ധപ്പെട്ട് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ) ശേഖരിച്ച അതീവ രഹസ്യസ്വഭാവമുള്ള 134 രേഖകള്‍ അടിയന്തരമായി വിട്ടുനല്‍കണമെന്ന് എറണാകുളം പ്രത്യേക കോടതിയോട് ഇ.ഡി ആവശ്യപ്പെട്ടിരുന്നു. ഈ ഹര്‍ജി കോടതി അംഗീകരിച്ചതോടെ രേഖകളുടെ പകര്‍പ്പുകള്‍ ഇ.ഡിക്ക് ലഭ്യമായിട്ടുണ്ട്. കഴിഞ്ഞ മാസം വീണയുടെയും ബന്ധപ്പെട്ടവരുടെയും വീടുകളില്‍ നടത്തിയ റെയ്ഡില്‍ നിന്ന് പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകളുടെയും എസ്.എഫ്.ഐ.ഒ രേഖകളുടെയും അടിസ്ഥാനത്തിലായിരിക്കും വെള്ളിയാഴ്ചത്തെ ചോദ്യം ചെയ്യല്‍.

സിഎംആര്‍എല്‍ എം.ഡി ശശിധരന്‍ കര്‍ത്ത, അദ്ദേഹത്തിന്റെ മകന്‍ ശരണ്‍ എസ്. കര്‍ത്ത, കമ്പനിയിലെ മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരോടും ഇതേ ദിവസം തന്നെ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യാതൊരുവിധ സേവനങ്ങളും നല്‍കാതെയാണ് വീണയും എക്സാലോജികും കോടിക്കണക്കിന് രൂപ കൈപ്പറ്റിയതെന്നും ഇത് കമ്പനീസ് ആക്ട് പ്രകാരവും പി.എം.എല്‍.എ പ്രകാരവും ഗുരുതരമായ കുറ്റകൃത്യമാണെന്നും കാണിച്ച് ഷോണ്‍ ജോര്‍ജ് നല്‍കിയ പരാതിയിലാണ് നിലവില്‍ ശക്തമായ നടപടികളിലേക്ക് ഇ.ഡി കടന്നിരിക്കുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment