കോഴിക്കോട്: എത്ര പ്രവര്‍ത്തിച്ചാലും കൂടുതല്‍ വിമര്‍ശനങ്ങളും ആരോപണങ്ങളും നേരിടേണ്ടി വരുന്ന വകുപ്പാണ് ആരോഗ്യ വകുപ്പെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരന്‍. ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങളും വെല്ലുവിളികളും നേരിട്ട് മനസ്സിലാക്കി പരിഹരിക്കുന്നതിനായി സംഘടിപ്പിച്ച കായകല്‍പ്പം ജനസമ്പര്‍ക്ക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
വയനാട് മെഡിക്കല്‍ കോളേജ് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെയാണ് ആരംഭിച്ചതെന്ന് മന്ത്രി പറഞ്ഞു. വികസനത്തിനായി ആവശ്യമായ സ്ഥലം ലഭ്യമല്ലെന്നും ചുറ്റുമുള്ള വനഭൂമി കാരണം വിപുലീകരണത്തിന് തടസ്സങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വനം വകുപ്പില്‍ നിന്ന് ഭൂമി ലഭ്യമാക്കുന്നതിലും പ്രതിസന്ധി നേരിടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
മെഡിക്കല്‍ കോളേജുകളിലും മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലും രോഗികളെ നിലത്ത് കിടത്തുന്ന സാഹചര്യം ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും, എന്നാല്‍ അത് ഒരു ദിവസം കൊണ്ട് നടപ്പിലാക്കാനാകില്ലെന്ന് തനിക്കറിയാമെന്നും മന്ത്രി പറഞ്ഞു. ഇതിനായി താഴെത്തട്ടിലെ ആശുപത്രികളുടെ സൗകര്യങ്ങളും സേവനങ്ങളും കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരോഗ്യ മേഖലയെ സ്വകാര്യവത്കരിക്കുകയാണെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് മന്ത്രി പ്രതികരിച്ചു. ആശുപത്രി വികസനത്തിനായി കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (CSR) ഫണ്ടുകള്‍ ഉപയോഗിക്കണമെന്ന നിര്‍ദേശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment