Friday, July 17, 2026
Kerala News

അരുവിക്കര ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തും; ജാഗ്രത നിര്‍ദേശം

അരുവിക്കര ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തും; ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം:  സംസ്ഥാനത്ത് കാലവര്‍ഷം അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ തീരുമാനം. ഡാമിന്റെ ഒന്ന് മുതല്‍ നാല് വരെയുള്ള ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതം കൂടി ഉയര്‍ത്തുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഡാമിന്റെ ഷട്ടറുകള്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്തിയിരുന്നു. ഡാമിന്റെ ക്യാച്ച്‌മെന്റ് ഏരിയകളില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ നടപടി. ഡാമിന്റെ സമീപപ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കി.

അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇതില്‍ മലപ്പുറം ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂര്‍ നേരത്തേക്ക് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന് പുറമെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ ഇടത്തരം ആയതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നിലവില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും വരും മണിക്കൂറുകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രത്യേകിച്ച് മലയോര മേഖലകളില്‍ മഴ കനക്കാന്‍ സാധ്യതയുള്ളതിനാല്‍ മലയോരവാസികളും യാത്രികരും പ്രത്യേക ജാഗ്രത പുലര്‍ത്തണം. കടല്‍ അതീവ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ സാങ്കേതിക സര്‍വകലാശാല (KTU) ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി അറിയിച്ചു. പുതുക്കിയ പരീക്ഷാ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി. പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അടിയന്തര സാഹചര്യങ്ങളില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment