Sunday, July 19, 2026
Kerala News

കേരളം പിടിക്കാന്‍ ബിജെപി; പ്രധാനമന്ത്രി 29ന് എത്തും, ത്യശൂരില്‍ റോഡ് ഷോ

കേരളം പിടിക്കാന്‍ ബിജെപി; പ്രധാനമന്ത്രി 29ന് എത്തും, ത്യശൂരില്‍ റോഡ് ഷോ

കേരളത്തിലെ ബിജെപി പ്രചാരണം ശക്തമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 29-ന് കേരളത്തിലെത്തും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് ഘട്ടങ്ങളിലായാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്. ഒന്നാം ഘട്ടം മാര്‍ച്ച് 29-നും രണ്ടാം ഘട്ടം ഏപ്രില്‍ ആദ്യവാരവും നടക്കും.

മാര്‍ച്ച് 29-ന് തൃശ്ശൂരിലും പാലക്കാട്ടുമാണ് പ്രധാനമന്ത്രിയുടെ പരിപാടികള്‍. വൈകുന്നേരം 4.30-ന് തൃശ്ശൂര്‍ സ്വരാജ് റൗണ്ടില്‍ വമ്പിച്ച റോഡ് ഷോ നടക്കും. തൃശ്ശൂര്‍ റവന്യൂ ജില്ലയിലെ മുഴുവന്‍ പ്രവര്‍ത്തകരും ഇതില്‍ അണിനിരക്കും. തുടര്‍ന്ന് പാലക്കാട് നടക്കുന്ന പൊതുസമ്മേളനത്തിലും അദ്ദേഹം സംസാരിക്കും.

വാര്‍ത്താസമ്മേളനത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് എം.ടി. രമേശ് ഉന്നയിച്ചത്. എന്‍ഡിഎയെ പരാജയപ്പെടുത്താന്‍ ഇരുമുന്നണികളും മുസ്ലീം ലീഗുമായി ചേര്‍ന്ന് അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ ഇന്‍ഡി (I.N.D.I.A) സഖ്യത്തിന്റെ നേതാവ് പിണറായി വിജയനാണോ അതോ വി.ഡി. സതീശനാണോ എന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് സിപിഎമ്മിന് വോട്ട് മറിച്ചതായും, മഞ്ചേശ്വരത്ത് എല്‍ഡിഎഫ് മുസ്ലീം ലീഗിനെ സഹായിക്കുകയാണെന്നും രമേശ് ആരോപിച്ചു. വോട്ട് കച്ചവടം മറച്ചുവെക്കാനാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പരസ്പരം പഴിചാരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




Related News

Comments

No comments yet. Be the first to comment!

Leave a Comment