സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകള്‍ കുടിശ്ശിക തുക തീര്‍ക്കാത്ത സാഹചര്യത്തില്‍ ഇനി ഇന്ധനം കടമായി നല്‍കാനാവില്ലെന്ന് പമ്പ് ഉടമകള്‍ വ്യക്തമാക്കി. കുടിശ്ശിക തുക ഉടന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പമ്പ് ഉടമകളുടെ സംഘടന മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും കത്തയച്ചിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ചേര്‍ന്ന് ഏകദേശം 1000 കോടിയോളം രൂപയാണ് പമ്പുകള്‍ക്ക് നല്‍കാനുള്ളത്. ഇതില്‍ പൊലീസ് വാഹനങ്ങള്‍ക്ക് മാത്രം ഇന്ധനം നല്‍കിയതിനുള്ള കുടിശ്ശിക 300 മുതല്‍ 400 കോടി രൂപ വരെയാണെന്ന് കണക്കാക്കുന്നു.
എണ്ണക്കമ്പനികള്‍ രണ്ടാഴ്ച മുമ്പ് തന്നെ ഡീലര്‍മാര്‍ക്ക് നല്‍കിയിരുന്ന ക്രെഡിറ്റ് സൗകര്യം പിന്‍വലിച്ചതോടെയാണ് പമ്പ് ഉടമകള്‍ കടുത്ത നിലപാട് സ്വീകരിച്ചത്. സാമ്പത്തിക പ്രതിസന്ധി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച മുതല്‍ പമ്പുകളുടെ പ്രവര്‍ത്തന സമയം ചുരുക്കാനും ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് തീരുമാനിച്ചിരുന്നു.
മുന്‍പ് പമ്പുകളിലെ വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ 40 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ 18 ശതമാനം പലിശയ്ക്ക് എണ്ണക്കമ്പനികള്‍ ഡീലര്‍മാര്‍ക്ക് ക്രെഡിറ്റ് അനുവദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ ഒരു മാസത്തോളം ക്രെഡിറ്റ് വ്യവസ്ഥയില്‍ ഇന്ധനം വിതരണം ചെയ്യാനായിരുന്നു സാധിച്ചത്. എന്നാല്‍ ക്രെഡിറ്റ് സൗകര്യം നിര്‍ത്തലാക്കിയതോടെ പുതിയ ഇന്ധന ലോഡുകള്‍ എടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് പല ഡീലര്‍മാരും ഇപ്പോള്‍.
Comments
No comments yet. Be the first to comment!
Leave a Comment