Monday, July 20, 2026
Kerala News

പറവൂരില്‍ ഭൂരിപക്ഷം വീണ്ടും ഉയരും; നൂറിലധികം സീറ്റുകളോടെ അധികാരം പിടിക്കും: വി.ഡി. സതീശന്‍

പറവൂരില്‍ ഭൂരിപക്ഷം വീണ്ടും ഉയരും; നൂറിലധികം സീറ്റുകളോടെ അധികാരം പിടിക്കും: വി.ഡി. സതീശന്‍



പറവൂര്‍: പറവൂര്‍ തന്റെ കുടുംബമാണെന്നും ആത്മബന്ധമുള്ള പ്രദേശമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. സിപിഐഎം കുടുംബങ്ങളില്‍ നിന്നുപോലും തനിക്ക് വോട്ടുകള്‍ ലഭിക്കാറുണ്ടെന്നും, ഓരോ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം വര്‍ധിക്കുന്നതാണ് പതിവെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തവണയും അത് ആവര്‍ത്തിക്കുമെന്നും, സംസ്ഥാനത്തെ പൊതുവായ ട്രെന്‍ഡുകള്‍ ഇവിടെ ബാധിക്കാറില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ടൈസണ്‍ മാസ്റ്ററുമായി വ്യക്തിപരമായ നല്ല ബന്ധമുണ്ടെന്നും, ഇവിടെ രാഷ്ട്രീയ മത്സരമാത്രമാണെന്നും, അദ്ദേഹത്തിനെതിരെ പറയാനുള്ളത് ഒന്നുമില്ലെന്നും സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയ നടപടികള്‍ നീണ്ടുപോയിട്ടില്ലെന്നും 48 മണിക്കൂറിനുള്ളില്‍ പട്ടിക പൂര്‍ത്തിയാക്കിയതായും അദ്ദേഹം വ്യക്തമാക്കി. 140 സീറ്റുകളിലുമുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത് കോണ്‍ഗ്രസാണെന്നും, പ്രഖ്യാപനം വൈകുന്നത് എല്‍ഡിഎഫും ബിജെപിയുമാണെന്നും സതീശന്‍ വിമര്‍ശിച്ചു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു സമഗ്ര പ്രഖ്യാപനം ഉണ്ടായതെന്നും, ഡിസിസികളില്‍ യാതൊരു പിണക്കങ്ങളും ഇല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നും സതീശന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാണെന്നും, സപ്ലൈകോ തകര്‍ന്ന നിലയിലാണെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ 12 മാസമായി കേരളം വിലക്കയറ്റത്തില്‍ മുന്നിലാണ് എന്നും പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment