തൃശൂര്‍: തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെതിരെ ആഭ്യന്തരമായി കാലുവാരല്‍ നടക്കുന്നുവെന്നാരോപിച്ച് തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാല്‍ രംഗത്ത്. തൃശൂരില്‍ കെ കരുണാകരന്റെ വോട്ടുകള്‍ വലിയ തോതില്‍ തനിക്ക് ലഭിക്കുമെന്നും എല്ലാം കോണ്‍ഗ്രസിന് തന്നെ ലഭിക്കുമെന്ന ധാരണ വേണ്ടെന്നും അവര്‍ പറഞ്ഞു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ കരുണാകരന്റെ പേര് നല്‍കണമെന്ന ആവശ്യം ആവര്‍ത്തിച്ച പത്മജ, യുഡിഎഫ് ഭരണകാലത്ത് അച്ഛന്റെ പേര് നല്‍കാതിരുന്നതിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളുണ്ടായിരുന്നുവെന്നും ആരോപിച്ചു. മക്കള്‍ക്ക് അതിന്റെ രാഷ്ട്രീയ ലാഭം ലഭിക്കുമെന്ന ആശങ്കയാണ് കാരണം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തൃശൂരില്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടികള്‍ നേരിടുമ്പോഴൊക്കെ കരുണാകരന്‍ വേദനിച്ചിരുന്നുവെന്നും, അച്ഛന്റെ പേരില്‍ മണ്ഡലത്തില്‍ എന്തെങ്കിലും ആരംഭിക്കണമെന്നത് തന്റെ ആഗ്രഹമാണെന്നും പത്മജ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ ഉണ്ടായ തിരിച്ചടികള്‍ ഇത്തവണ ആവര്‍ത്തിക്കില്ലെന്ന ആത്മവിശ്വാസവും അവര്‍ പ്രകടിപ്പിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്ക് തൃശൂര്‍ മണ്ഡലത്തില്‍ 40,457 വോട്ടുകള്‍ ലഭിച്ചിരുന്നു. അന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പത്മജ വേണുഗോപാല്‍ 43,317 വോട്ടുകളോടെ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ബാലചന്ദ്രനായിരുന്നു വിജയി.
Comments
No comments yet. Be the first to comment!
Leave a Comment