കണ്ണൂർ: ഏറെ അഭ്യൂഹങ്ങൾക്കൊടുവിൽ കോൺഗ്രസിൻ്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ, എൽദോസ് കുന്നപ്പിള്ളി എന്നിവർക്ക് പട്ടികയിൽ ഇടം പിടിക്കാനായില്ല. 37 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് രണ്ടാംഘട്ടത്തിൽ പ്രഖ്യാപിച്ചത്. സുധാകരൻ്റെ തട്ടകമായ കണ്ണൂരിൽ അഡ്വ. ടി.ഒ. മോഹനനെയും പെരുമ്പാവൂരിൽ മനോജ് മൂത്തേടനെയുമാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്.
സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ഡൽഹിയിൽ നിന്നും മടങ്ങിയെത്തിയ കെ. സുധാകരന് കണ്ണൂർ വിമാനത്താവളത്തിൽ ആവേശോജ്ജ്വലമായ സ്വീകരണമാണ് പ്രവർത്തകർ നൽകിയത്. പുലർച്ചെ രണ്ടേ പത്തോടെ എത്തിയ അദ്ദേഹത്തെ സ്വീകരിക്കാൻ റിജിൽ മാക്കുറ്റി, മുഹമ്മദ് ഷമ്മാസ് എന്നിവരുടെ നേതൃത്വത്തിൽ അമ്പതോളം പ്രവർത്തകർ എത്തിയിരുന്നു. മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ അദ്ദേഹത്തെ എതിരേറ്റത്. എന്നാൽ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.
നേരത്തെ ഡൽഹിയിൽ വെച്ച് പാർട്ടിയെ വെല്ലുവിളിക്കാനില്ലെന്ന് സുധാകരൻ വ്യക്തമാക്കിയിരുന്നു. പാർട്ടിയാണ് വലുത്, താൻ ചെറുതാണ്. പാർട്ടിയുടെ അംഗീകാരം കിട്ടുമെങ്കിൽ മത്സരിക്കും. അച്ചടക്കമുള്ള പ്രവർത്തകനായി തുടരും, എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. കണ്ണൂരിൽ സുധാകരനെ പരിഗണിക്കുമെന്ന് രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ച ഉറപ്പും പാലിക്കപ്പെട്ടില്ല എന്നത് ശ്രദ്ധേയമാണ്.
Comments
No comments yet. Be the first to comment!
Leave a Comment