കെ സുധാകരന്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കി. സ്ഥാനാര്‍ഥി പട്ടിക ഹൈക്കമാന്‍ഡ് പ്രസിദ്ധീകരിക്കുമെന്നും പേരുകള്‍ പ്രഖ്യാപിക്കാന്‍ തനിക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ യാതൊരു പ്രതിസന്ധിയും ഇല്ലെന്നും എംപിമാര്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് ഹൈക്കമാന്‍ഡ് തന്നെ അന്തിമ തീരുമാനമെടുക്കുമെന്നുമാണ് സണ്ണി ജോസഫിന്റെ പ്രതികരണം.
ഇതിനിടെ, കെ സുധാകരന്‍ ഉയര്‍ത്തിയ നിലപാടിനെ മറികടക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടത്തിയ ശ്രമങ്ങള്‍ ഒടുവില്‍ പരാജയപ്പെട്ടു. മത്സരിക്കുമെന്ന് സുധാകരന്‍ പരസ്യമായി പ്രഖ്യാപിച്ചതും, ഡല്‍ഹിയിലും കണ്ണൂരിലുമായി നടത്തിയ നീക്കങ്ങളും പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥിത്വ സൂചന നല്‍കിയതോടെ ഹൈക്കമാന്‍ഡ് നിലപാട് പുനഃപരിശോധിക്കേണ്ട സാഹചര്യം ഉണ്ടായി.
എംപിമാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന നിലപാടില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉറച്ച് നിന്നിരുന്നു. എഐസിസി നേതൃത്വവും ഇതേ നിലപാടിനൊപ്പമായിരുന്നു. പല എംപിമാര്‍ക്കും മത്സരിക്കാന്‍ താത്പര്യമുണ്ടായിരുന്നുവെങ്കിലും, തുറന്ന് നിലപാട് വ്യക്തമാക്കിയത് കെ സുധാകരനായിരുന്നു. ഹൈക്കമാന്‍ഡ് എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം എടുത്തതോടെ സുധാകരന്‍ കടുത്ത നിലപാടിലേക്ക് നീങ്ങുകയായിരുന്നു.
തനിക്ക് സ്വന്തം വഴിയാണെന്ന് കെ സി വേണുഗോപാലിനെ അറിയിച്ച് പാര്‍ട്ടിയോട് വിടപറയുമെന്ന സൂചനയും സുധാകരന്‍ നല്‍കി. ഇതോടെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആശങ്ക ശക്തമായി. കണ്ണൂരില്‍ സുധാകരന്‍ അനുകൂലികള്‍ സജീവമായി രംഗത്തെത്തി. തുടര്‍ന്നാണ് മുതിര്‍ന്ന നേതാവ് എ കെ ആന്റണിയുടെ ഇടപെടല്‍ നിര്‍ണായകമായത്. ഒടുവില്‍ കെ സുധാകരന് മത്സരിക്കാന്‍ ഇളവ് നല്‍കാന്‍ ഹൈക്കമാന്‍ഡ് തയ്യാറായതായാണ് സൂചന.
Comments
No comments yet. Be the first to comment!
Leave a Comment