കണ്ണൂരില്‍ കെ സുധാകരന് സീറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ ശക്തമാകുന്നു. സുധാകരന് പ്രത്യേക ഇളവ് നല്‍കാനാകുമോ എന്നതാണ് ഇപ്പോള്‍ നേതൃത്വം പരിശോധിക്കുന്നത്. അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ വീണ്ടും ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
ഈ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് രമേശ് ചെന്നിത്തല ആണ്. വിഷയത്തില്‍ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും തമ്മില്‍ ആശയവിനിമയം നടന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം, കെ സുധാകരന് സീറ്റ് നല്‍കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കടുത്ത നിലപാട് സ്വീകരിച്ചതായി സൂചനകളുണ്ട്. സുധാകരന് സീറ്റ് നല്‍കിയാല്‍ ശക്തമായ നിലപാട് എടുക്കുമെന്ന് സതീശന്‍ ഖര്‍ഗെയെ അറിയിച്ചതോടെയാണ് സീറ്റ് നിഷേധിക്കാനുള്ള ധാരണയിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്.
ഇതിനിടെ വിഷയത്തില്‍ ഇടപെട്ടതായി മുതിര്‍ന്ന നേതാവ് എ കെ ആന്റണി വ്യക്തമാക്കി. കണ്ണൂരില്‍ ജീവന്‍ പണയപ്പെടുത്തി പ്രവര്‍ത്തിച്ച വ്യക്തിയാണ് സുധാകരന്‍ എന്നും, പാര്‍ട്ടി തീരുമാനം അനുസരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടതായും ആന്റണി പറഞ്ഞു. എന്നാല്‍ സുധാകരന്‍ നല്‍കിയ മറുപടി വെളിപ്പെടുത്താനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ സുധാകരന് പിന്തുണയുമായി കോഴിക്കോട് കോണ്‍ഗ്രസ് നേതാവ് ആദം മുല്‍സിയും രംഗത്തെത്തി. മറ്റ് നേതാക്കള്‍ക്ക് നല്‍കുന്ന പരിഗണന സുധാകരനും ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂര്‍ ഡിസിസി ഓഫീസിന് മുന്നില്‍ സുധാകരനെ പിന്തുണച്ച് കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തുന്നതും ശ്രദ്ധേയമായി.
Comments
No comments yet. Be the first to comment!
Leave a Comment