കൊച്ചി: കോണ്‍ഗ്രസില്‍ തര്‍ക്കമില്ലെന്ന് പ്രതിപക്ഷ നേതാവ് ആവര്‍ത്തിക്കുന്നതിനിടെ കൊച്ചിയില്‍ സ്ഥാനാര്‍ത്ഥിത്വ ചര്‍ച്ചകള്‍ക്ക് പുതിയ വഴിത്തിരിവ്. ദീപ്തി മേരി വര്‍ഗീസ് ക്യാമ്പ് സര്‍വ്വം ദീപ്തം എന്ന ടാഗ് ലൈനോടുകൂടി പോസ്റ്റര്‍ അച്ചടിക്കാന്‍ തുടക്കമിട്ടു. കൊച്ചി സ്ഥാനാര്‍ത്ഥി ആരെന്ന അഭ്യൂഹങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് പോസ്റ്ററുകള്‍ പുറത്തിറങ്ങിയത്.
നഗരത്തിലെ ഒരു സ്വകാര്യ പ്രസ്സില്‍ അച്ചടിച്ച പോസ്റ്ററുകളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നാല്‍ അനിശ്ചിതത്വം തുടരുന്നതിനിടെ പോസ്റ്റര്‍ അച്ചടി നിര്‍ത്തിവയ്ക്കാന്‍ ദീപ്തി മേരി വര്‍ഗീസ് നിര്‍ദേശം നല്‍കിയതായാണ് വിവരം.
ശേഷിക്കുന്ന സീറ്റുകളില്‍ ഇന്ന് തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്ന് നേതാക്കള്‍ പറയുമ്പോഴും കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തര്‍ക്കം തുടരുകയാണ്. കൊച്ചിയില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ മത്സരിപ്പിക്കണമെന്നാണ് വി.ഡി. സതീശന്റെ നിലപാട്. അതേസമയം, ദീപ്തി മേരി വര്‍ഗീസിനെ പരിഗണിക്കണമെന്നാണ് കെ.സി. വേണുഗോപാലിന്റെ വാദം.
ഇതിനുപുറമെ, എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ, വൈപ്പിന്‍, പെരുമ്പാവൂര്‍ സീറ്റുകളെച്ചൊല്ലിയും പാര്‍ട്ടിക്കുള്ളില്‍ ഭിന്നത നിലനില്‍ക്കുന്നുവെന്നാണ് വിവരം. അതേസമയം, അരുവിക്കര സീറ്റിനായി കെ. എസ്. ശിവകുമാറും കെ. എസ്. ശബരീനാഥനും രംഗത്തുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു
Comments
No comments yet. Be the first to comment!
Leave a Comment