കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി ചര്‍ച്ചകള്‍ നടക്കുന്ന ഡല്‍ഹിയില്‍ നിന്ന് കെ സുധാകരന്‍ മടങ്ങിയത് അതൃപ്തി മൂലമെന്ന് സൂചന. ഇതിനിടെ വികാരഭരിതമായ ഫേസ്ബുക്ക് പോസ്റ്റുമായി കെ സുധാകരന്‍ രംഗത്ത്. കണ്ണൂര്‍ തന്റെ ഹൃദയരക്തമാണെന്നും ആ മണ്ണിനായി കോണ്‍ഗ്രസിന്റെ ത്രിവര്‍ണ്ണ പതാക നെഞ്ചിലേറ്റി താന്‍ എന്നും മുന്നിലുണ്ടാകുമെന്നും അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു.
കണ്ണൂര്‍ ഹൃദയരക്തം ഇറ്റി വീണ നമ്മുടെ മണ്ണാണ്. പൊരുതി വിജയിച്ച കോണ്‍ഗ്രസുകാരുടെ ത്യാഗഭൂമിയാണ്, എന്ന് അദ്ദേഹം കുറിച്ചു. കണ്ണൂരിലെ കോണ്‍ഗ്രസ് പ്രസ്ഥാനവുമായി തനിക്കുള്ള ആഴത്തിലുള്ള ആത്മബന്ധം ചൂണ്ടിക്കാട്ടിയായിരുന്നു സുധാകരന്റെ പ്രതികരണം.
താന്‍ കണ്ണൂരില്‍ മത്സരരംഗത്തുണ്ടാകുമെന്ന് കെ സുധാകരന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എംപിമാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന പൊതുതീരുമാനത്തിലേക്ക് കോണ്‍ഗ്രസ് എത്തിയത് അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വ സാധ്യതയെ ബാധിച്ചെന്നാണ് സൂചന.
ഈ തീരുമാനത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ടാണ് കെ സുധാകരന്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങിയതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. അതേസമയം മറ്റ് പരിപാടികള്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്നതിനാലാണ് സുധാകരന്‍ മടങ്ങിയതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിശദീകരണം.
Comments
No comments yet. Be the first to comment!
Leave a Comment