Tuesday, July 21, 2026
Kerala News

എല്‍പിജി പ്രതിസന്ധി: ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി ജി ആര്‍ അനില്‍

 എല്‍പിജി പ്രതിസന്ധി: ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി ജി ആര്‍ അനില്‍


പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എല്‍പിജി വിതരണം സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ആവശ്യത്തിന് സിലിണ്ടറുകള്‍ വിതരണം ചെയ്യാന്‍ കഴിയുമെന്ന് കമ്പനികള്‍ സര്‍ക്കാര്‍ യോഗത്തില്‍ അറിയിച്ചതായും മന്ത്രി വ്യക്തമാക്കി.

ആശുപത്രികള്‍, സ്‌കൂളുകള്‍, ഐടി പാര്‍ക്കുകള്‍ എന്നിവയ്ക്ക് ഗാര്‍ഹികേതര മുന്‍ഗണന പ്രകാരം സിലിണ്ടറുകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ റേഷന്‍ കാര്‍ഡുകള്‍ക്കും മണ്ണെണ്ണ നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി  പ്രതികരിച്ചു.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ചില വെല്ലുവിളികളുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഈ പ്രതികൂല സാഹചര്യങ്ങളെ പരമാവധി അതിജീവിക്കാന്‍ സര്‍ക്കാര്‍ വിവിധ മാര്‍ഗങ്ങള്‍ ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കാതെ പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടിയായിരുന്നു മുഖ്യമന്ത്രി ഇന്നലെ അടിയന്തര യോഗം വിളിച്ചതെന്നും മന്ത്രി അറിയിച്ചു. യോഗത്തില്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ആവശ്യാനുസരണം സിലിണ്ടറുകള്‍ വിതരണം ചെയ്യാന്‍ കഴിയുമെന്ന് കമ്പനികള്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം നിലവില്‍ ഗ്യാസ് ബുക്കിംഗില്‍ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ആളുകള്‍ ആശങ്കപ്പെട്ട് കൂടുതലായി ഗ്യാസ് ബുക്ക് ചെയ്യുന്നതിനാല്‍ ബുക്കിംഗ് എണ്ണം ഇരട്ടിയായി വര്‍ധിച്ചിരിക്കുകയാണ്. ഇതുമൂലം വെബ്സൈറ്റുകളുടെ സര്‍വര്‍ ശേഷിയിലും സമ്മര്‍ദ്ദം ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related News

Comments

No comments yet. Be the first to comment!

Leave a Comment