തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ചര്‍ച്ചകള്‍ ശക്തമാകുന്നതിനിടെ എംപിമാരുടെ മത്സരത്തെതിരെ മുതിര്‍ന്ന നേതാക്കള്‍ കടുത്ത നിലപാട് സ്വീകരിച്ചു. എംപിമാര്‍ മത്സരരംഗത്ത് ഇറങ്ങിയാല്‍ തങ്ങള്‍ മത്സരത്തില്‍ നിന്ന് പിന്‍വാങ്ങുമെന്നാണ് ചില മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ തന്നെ ഈ നിലപാട് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.
അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട രണ്ടാംഘട്ട ചര്‍ച്ചകള്‍ മറ്റന്നാള്‍ മുതല്‍ ആരംഭിക്കും. കെ സുധാകരന്‍, എം.കെ രാഘവന്‍, കൊടിക്കുന്നില്‍ സുരേഷ്, ഷാഫി പറമ്പില്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി എംപിമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി ഇന്ന് വൈകുന്നേരം ദില്ലിയില്‍ യോഗം ചേരും. ഹൈക്കമാന്‍ഡ് നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാനാണ് ശ്രമം. പരമാവധി 60 സ്ഥാനാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ആദ്യ പട്ടിക പ്രഖ്യാപിക്കാനാണ് പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നത്.
എംപിമാര്‍ മത്സരിക്കണമോയെന്ന കാര്യത്തിലും ഹൈക്കമാന്‍ഡിന്റെ അന്തിമ തീരുമാനം യോഗത്തില്‍ ഉണ്ടാകാനിടയുണ്ട്. അതേസമയം പെരുമ്പാവൂര്‍, സുല്‍ത്താന്‍ ബത്തേരി മണ്ഡലങ്ങളില്‍ സിറ്റിംഗ് എംഎല്‍എമാര്‍ തന്നെ വീണ്ടും മത്സരിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.
Comments
No comments yet. Be the first to comment!
Leave a Comment