കൊച്ചി: പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യങ്ങളെത്തുടര്‍ന്ന് രാജ്യത്ത് പാചകവാതക പ്രതിസന്ധി അതിരൂക്ഷമാകുന്നു. വ്യാവസായിക സിലിണ്ടറുകളുടെ വിതരണത്തില്‍ 30 ശതമാനം കുറവുണ്ടാകുമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. ഇതോടെ എറണാകുളം ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ ഹോട്ടല്‍ മേഖല കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.
കൊച്ചിയില്‍ വാണിജ്യ സിലിണ്ടറുകളുടെ ക്ഷാമം മൂലം ഇന്നലെ നിരവധി ഹോട്ടലുകള്‍ അടച്ചുപൂട്ടി. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഹോട്ടല്‍ വ്യവസായം പൂര്‍ണ്ണമായും സ്തംഭിക്കുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ (KHRA) ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കുന്നു. വാണിജ്യ സിലിണ്ടറുകള്‍ തീരെ ലഭ്യമല്ലാത്ത അവസ്ഥയാണെന്നും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നുമാണ് ഹോട്ടലുടമകളുടെ ആവശ്യം.
പ്രതിസന്ധി പരിഹരിക്കാന്‍ രൂപീകരിച്ച മൂന്നംഗ സമിതി ഇന്ന് വ്യവസായികളുമായി ചര്‍ച്ച നടത്തും. ഗാര്‍ഹിക സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കുന്നുണ്ടെങ്കിലും, പ്രമുഖ എണ്ണക്കമ്പനികളായ HPCL, BPCL, IOC എന്നിവ സിലിണ്ടര്‍ ബുക്കിങ്ങില്‍ ഇതിനോടകം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. മുംബൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലും സമാനമായ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ എല്‍പിജി സിലിണ്ടറുകളെ അവശ്യവസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്രം ഉത്തരവിറക്കിയിട്ടുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment