Wednesday, July 22, 2026
Kerala News

സ്പാര്‍ക്ക് ഡാറ്റ ചോര്‍ച്ച: സ്വകാര്യതാ ലംഘന ഹര്‍ജി തള്ളി ഹൈക്കോടതി

സ്പാര്‍ക്ക് ഡാറ്റ ചോര്‍ച്ച: സ്വകാര്യതാ ലംഘന ഹര്‍ജി തള്ളി ഹൈക്കോടതി



കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ സ്പാര്‍ക്ക് ഡാറ്റ ചോര്‍ച്ചയിലൂടെ സ്വകാര്യതാ ലംഘനം സംഭവിച്ചുവെന്നാരോപിച്ച ഹര്‍ജി കേരള ഹൈക്കോടതി തള്ളി. ജീവനക്കാരുടെ മൊബൈല്‍ ഫോണുകളിലേക്ക് സര്‍ക്കാര്‍ സന്ദേശം അയച്ചതില്‍ തെറ്റില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

സര്‍ക്കാരിന്റെ നടപടിയില്‍ നിയമവിരുദ്ധതയില്ലെന്നും സന്ദേശം അയച്ചത് നല്ല ഭരണത്തിന്റെ ഭാഗമായാണെന്നും കോടതി നിരീക്ഷിച്ചു. ക്ഷാമബത്ത (DA) കുടിശിക നല്‍കുമെന്ന ഉത്തരവിന് പിന്നാലെ ജീവനക്കാരുടെ മൊബൈല്‍ ഫോണുകളിലേക്ക് മുഖ്യമന്ത്രിയുടെ പേരില്‍ സന്ദേശം എത്തിയതായിരുന്നു വിവാദത്തിന് ഇടയായത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സേവനത്തിന് നല്‍കിയ അംഗീകാരമായാണ് സന്ദേശം അയച്ചതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു.

സര്‍ക്കാരിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഐടി മിഷന്‍ (KSITM) കൈവശമുള്ള വിവരങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാരിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാട്‌സാപ്പ് അക്കൗണ്ടിലൂടെയാണ് സന്ദേശങ്ങള്‍ അയച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ ഡാറ്റ ചോര്‍ന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമല്ലാത്ത സന്ദേശങ്ങള്‍ അയച്ചതിനെ സ്വകാര്യതാ ലംഘനമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment