വാഷിങ്ടണ്‍: ഇറാന്റെ ആണവായുധ നിര്‍മ്മാണ ശേഷി പൂര്‍ണമായും നശിപ്പിക്കാനായാല്‍ യുദ്ധത്തില്‍ അമേരിക്ക വിജയിച്ചതായി പ്രഖ്യാപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ഹോര്‍മൂസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന എണ്ണ ടാങ്കറുകള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
ഇറാന്റെ സൈനിക ശേഷി ഗുരുതരമായി തകര്‍ന്നിട്ടുണ്ടെന്നും ട്രംപ് ആരോപിച്ചു. ഇറാനിന് നാവികസേനയോ കാര്യക്ഷമമായ ആശയവിനിമയ സംവിധാനങ്ങളോ വ്യോമസേനയോ നിലവില്‍ ഇല്ലെന്നും അവരുടെ മിസൈല്‍ സംവിധാനങ്ങളും തകരാറിലായെന്നും അദ്ദേഹം പറഞ്ഞു. ഹോര്‍മൂസ് കടലിടുക്ക് ഇപ്പോഴും തുറന്ന നിലയിലാണ്. കപ്പലുകള്‍ കടലിടുക്കിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.
ഹോര്‍മൂസ് കടലിടുക്ക് യുഎസ് നിയന്ത്രണത്തിലാക്കുന്നതിനെക്കുറിച്ചും അമേരിക്ക ആലോചിക്കുന്നുണ്ടെന്ന് ട്രംപ് സൂചിപ്പിച്ചു. ലോക വിപണിയില്‍ എണ്ണവില കുറയ്ക്കുന്നതിനായി ചില രാജ്യങ്ങള്‍ക്കെതിരായ ഉപരോധങ്ങള്‍ നീക്കുന്നതും പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇറാനെതിരായ യുദ്ധം ഏറെക്കുറെ അവസാനഘട്ടത്തിലാണെന്ന് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സിബിഎസ് ന്യൂസിന് നല്‍കിയ ടെലിവിഷന്‍ അഭിമുഖത്തിലായിരുന്നു ഈ പ്രതികരണം. എന്നാല്‍ തുടര്‍ന്ന് നടന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി യോഗത്തില്‍ യുദ്ധം ഏകദേശം അവസാനിച്ചതായി പറഞ്ഞ പരാമര്‍ശം അദ്ദേഹം ആവര്‍ത്തിച്ചില്ല. പകരം, യുദ്ധം തുടരുന്നതായാണ് ട്രംപ് വ്യക്തമാക്കിയത്.
Comments
No comments yet. Be the first to comment!
Leave a Comment