Wednesday, July 22, 2026
Kerala News

പ്രധാനമന്ത്രി നാളെ കൊച്ചിയില്‍; എന്‍ഡിഎയുടെ പ്രചാരണത്തിന് തുടക്കമിടും

പ്രധാനമന്ത്രി നാളെ കൊച്ചിയില്‍; എന്‍ഡിഎയുടെ പ്രചാരണത്തിന് തുടക്കമിടും


കൊച്ചി:  കേരളത്തിലെ ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലെത്തും. നാവികസേനയുടെ വിമാനത്താവളത്തിലിറങ്ങുന്ന അദ്ദേഹം തേവര മുതല്‍ എം.ജി. റോഡ് വരെ നീളുന്ന വന്‍ റോഡ് ഷോയില്‍ പങ്കെടുക്കും. രാഷ്ട്രീയ പ്രചാരണത്തിന് പുറമെ, കേരളത്തിന്റെ വികസന കുതിപ്പിന് വേഗത പകരുന്ന 10,800 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബിപിസിഎല്‍) കൊച്ചി റിഫൈനറിയിലെ പോളിപ്രൊപ്പിലീന്‍ യൂണിറ്റാണ്. 5,500 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഈ യൂണിറ്റ് പ്രതിവര്‍ഷം 400 കിലോ ടണ്‍ ഉല്‍പ്പാദന ശേഷിയുള്ളതാണ്.

റോഡ് അടിസ്ഥാന സൗകര്യ മേഖലയില്‍ രണ്ട് പ്രധാന ദേശീയപാത പദ്ധതികളാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കുന്നത്. ഇതില്‍ പ്രധാനപ്പെട്ടത് ദേശീയപാത 66-ലെ തലപ്പാടി-ചെങ്കള വിഭാഗത്തിന്റെ ആറുവരിപ്പാതയാണ്. 2,650 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ പാത കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകള്‍ തമ്മിലുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തും. മുംബൈ-കന്യാകുമാരി സാമ്പത്തിക ഇടനാഴിയുടെ ഭാഗമായ ഈ പദ്ധതി വിനോദസഞ്ചാര മേഖലയ്ക്കും അഴീക്കല്‍ തുറമുഖത്തിന്റെ വികസനത്തിനും വലിയ കരുത്താകും. റെയില്‍വേ ഉള്‍പ്പെടെയുള്ള വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം ഇതോടൊപ്പം നിര്‍വഹിക്കും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാളെ രാവിലെ 11 മണി മുതല്‍ നഗരത്തിലേക്കുള്ള വാഹനങ്ങള്‍ വഴിതിരിച്ചു വിടാന്‍ തുടങ്ങും. പ്രധാനമന്ത്രിയുടെ സുരക്ഷയും റോഡ് ഷോയും പരിഗണിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ മാറ്റങ്ങള്‍ കണക്കിലെടുത്ത് യാത്രക്കാര്‍ മുന്‍കൂട്ടി യാത്രകള്‍ പ്ലാന്‍ ചെയ്യണമെന്ന് കൊച്ചി സിറ്റി ട്രാഫിക് പൊലീസ് അഭ്യര്‍ത്ഥിച്ചു. ബിജെപി പ്രവര്‍ത്തകര്‍ വലിയ തോതില്‍ റോഡ് ഷോയില്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment