Wednesday, July 22, 2026
Kerala News

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരത്തിനിടെ സംഘര്‍ഷാവസ്ഥ

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരത്തിനിടെ സംഘര്‍ഷാവസ്ഥ



കോഴിക്കോട്: കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നഴ്‌സുമാര്‍ നടത്തിയ സമരത്തിനിടെ സംഘര്‍ഷാവസ്ഥ. സമരത്തിനിറങ്ങിയ നഴ്‌സുമാരെ തടഞ്ഞുവെച്ചതോടൊപ്പം കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയതായും നഴ്‌സുമാര്‍ ആരോപിച്ചു.

കുറഞ്ഞത് 40,000 രൂപ മിനിമം വേതനം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ സംസ്ഥാനതലത്തില്‍ ഇന്ന് മുതല്‍ പണിമുടക്കി സമരം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലുള്‍പ്പെടെ നിരവധി നഴ്‌സുമാര്‍ ജോലിയില്‍ നിന്ന് വിട്ടുനിന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തു.

സമരം നടത്തുമെന്ന് ഇന്നലെ രാത്രി തന്നെ മാനേജ്‌മെന്റിനെ അറിയിച്ചിരുന്നുവെന്ന് യുഎന്‍എ ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍ രാവിലെ നഴ്‌സുമാര്‍ക്ക് ക്ലാസ് ഉണ്ടെന്ന പേരില്‍ തടഞ്ഞുവെച്ച് ജോലി ചെയ്യിപ്പിക്കാന്‍ ശ്രമിച്ചുവെന്നും അവര്‍ ആരോപിച്ചു.

ഇന്ന് കൂടുതല്‍ നഴ്‌സുമാര്‍ സമരത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തുകയും കയ്യേറ്റം നടത്താന്‍ ശ്രമിക്കുകയും ചെയ്തതായി നഴ്‌സുമാര്‍ ആരോപിച്ചു. സമരം തുടരുമെന്നും അടിസ്ഥാന ആവശ്യങ്ങള്‍ പോലും ആശുപത്രി അധികൃതര്‍ പരിഗണിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. സമരത്തില്‍ പങ്കെടുക്കുന്ന സ്റ്റാഫുകളെ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയതായും നഴ്‌സുമാര്‍ ആരോപിച്ചു.

അതേസമയം നഴ്‌സുമാരെ കയ്യേറ്റം ചെയ്തുവെന്ന ആരോപണം ആശുപത്രി മാനേജ്‌മെന്റ് നിഷേധിച്ചു. വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ ആശുപത്രി അധികൃതര്‍ ഇതുവരെ നടത്തിയിട്ടില്ല.


Related News

Comments

No comments yet. Be the first to comment!

Leave a Comment