കൊച്ചി: അങ്കമാലിയില്‍ വിദ്യാര്‍ത്ഥിനി ജാസ്ലിയ കാറിടിച്ചു മരിച്ച സംഭവത്തില്‍ അങ്കമാലി പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ആലുവ ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ട്. നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചെന്നും പ്രതി പോലീസിന്റെ കണ്ണ് വെട്ടിച്ചാണ് ഒളിവില്‍ പോയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഫെബ്രുവരി 28-ന് നടന്ന അപകടത്തില്‍ പ്രതിയായ ഡോ. സിറിയക് ജോര്‍ജിനെ പിടികൂടാന്‍ വൈകിയതിനെതിരെ ജാസ്ലിയയുടെ കുടുംബം പോലീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് റൂറല്‍ എസ്പി അന്വേഷണത്തിന് ഉത്തരവിട്ടത്.
വാഗമണ്ണില്‍ നിന്നാണ് പ്രതി ഡോ. സിറിയക് ജോര്‍ജിനെ പോലീസ് പിടികൂടിയത്. അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ പോയത് ഭയം കൊണ്ടാണെന്ന പ്രതിയുടെ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. സംഭവസമയത്ത് പ്രതി ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തില്‍ പോലീസിന് സംശയമുണ്ട്. ഇത് സ്ഥിരീകരിക്കുന്നതിനായി പ്രതിയുടെ നഖം, മുടി എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ച് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. നിലവില്‍ പ്രതി റിമാന്‍ഡില്‍ കഴിയുകയാണ്.
അപകടത്തിന് ശേഷം കാര്‍ ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ വൈകിയത് പോലീസിന്റെ അനാസ്ഥയാണെന്നും പ്രതികളെ സംരക്ഷിക്കുകയാണെന്നും കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍ പ്രതി ഒളിവില്‍ പോകുകയായിരുന്നു എന്നാണ് ഡിവൈഎസ്പിയുടെ കണ്ടെത്തല്‍. ജാസ്ലിയ നടന്നു പോകുമ്പോള്‍ പുറകില്‍ നിന്നെത്തിയ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കൃത്യമായ അന്വേഷണം തുടരുമെന്ന് പോലീസ് അറിയിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment