തിരുവനന്തപുരം: പുതുയുഗയാത്ര സമാപന സമ്മേളനത്തില്‍ നടത്തിയ രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനങ്ങള്‍ പൊള്ളയായ വാഗ്ദാനങ്ങളാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടത്തിയ പല പ്രഖ്യാപനങ്ങളും നടപ്പിലായിട്ടില്ലെന്നും യുഡിഎഫ് നടത്തിയ പ്രഖ്യാപനങ്ങളില്‍ ഏതെങ്കിലും നടപ്പിലാക്കിയിട്ടുണ്ടോയെന്ന് ചോദിക്കണമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ സാമ്പത്തിക സ്ഥിതി പ്രതിപക്ഷം പറയുന്നതുപോലെ മോശമല്ലെന്നും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മെച്ചപ്പെട്ട നിലയിലാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക സാഹചര്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ പല സംസ്ഥാനങ്ങളെക്കാളും കേരളത്തിന് മികച്ച സാമ്പത്തിക സ്ഥിതിയുണ്ടെന്നും സാമൂഹ്യ സേവന മേഖലകളിലും സംസ്ഥാനത്തിന് മുന്നേറ്റമുണ്ടെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ഏറ്റവും കൂടുതല്‍ ചെലവിടുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 62 ലക്ഷം പേര്‍ക്ക് ക്ഷേമപെന്‍ഷന്‍ കൃത്യമായി മുടങ്ങാതെ നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്നും സ്ത്രീ സുരക്ഷാ പദ്ധതിയുടെ ഭാഗമായി പ്രതിമാസം 1000 രൂപ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്നും കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുമെന്ന് പ്രതിപക്ഷം പ്രതീക്ഷിച്ചതുപോലെ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടതുപക്ഷം നടത്തുന്നത് നടപ്പിലാക്കാന്‍ കഴിയുന്ന പ്രഖ്യാപനങ്ങളാണെന്നും പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. രാഹുല്‍ ഗാന്ധി നടത്തിയ പുതിയ പ്രഖ്യാപനങ്ങള്‍, പ്രത്യേകിച്ച് ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന വാഗ്ദാനം ജനങ്ങള്‍ വിശ്വസിക്കുമെന്ന് തോന്നുന്നില്ലെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment