Wednesday, July 22, 2026
International News

ഇറാന്റെ ആക്രമണം; യുഎഇയില്‍ ഒരാള്‍ കൊല്ലപ്പെട്ടു

ഇറാന്റെ ആക്രമണം; യുഎഇയില്‍ ഒരാള്‍ കൊല്ലപ്പെട്ടു

ദുബായ്:  ഇറാന്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ യുഎഇയില്‍ ഒരു മരണം കൂടി സ്ഥിരീകരിച്ചു. ദുബായിലെ അല്‍ ബര്‍ഷയില്‍ കാര്‍ ഓടിച്ചു പോകുന്നതിനിടെ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് പാകിസ്താന്‍ സ്വദേശിയാണ് കൊല്ലപ്പെട്ടത്. ഗള്‍ഫ് മേഖലയില്‍ ഇറാന്‍ ആക്രമണം അവസാനിപ്പിക്കുമെന്ന് സൂചനകള്‍ നല്‍കിയിരുന്നെങ്കിലും, യുഎഇയിലും ബഹ്‌റൈനിലും വീണ്ടും ആക്രമണങ്ങള്‍ തുടരുകയായിരുന്നു. ഇതോടെ യുഎഇയില്‍ ഇറാന്‍ ആക്രമണവുമായി ബന്ധപ്പെട്ട് മരിച്ചവരുടെ എണ്ണം നാലായി ഉയര്‍ന്നു.

ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയില്‍ നടന്ന ആക്രമണത്തില്‍ ഒരു വീടിനും വിവിധ കെട്ടിടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മിന സല്‍മാന്‍ മേഖലയിലും ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, എന്നാല്‍ ഇവിടെ ആളപായമില്ല എന്നത് ആശ്വാസകരമാണ്. കുവൈറ്റിലും സമാനമായ രീതിയില്‍ ആക്രമണശ്രമങ്ങള്‍ നടന്നു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള എണ്ണ ടാങ്കറുകളെ ലക്ഷ്യമിട്ടാണ് ഇവിടെ മിസൈല്‍ പതിച്ചത്.

സൗദി അറേബ്യയില്‍ വലിയ തോതിലുള്ള ഡ്രോണ്‍ ആക്രമണ നീക്കങ്ങളാണ് പ്രതിരോധ സേന പരാജയപ്പെടുത്തിയത്. വിവിധ ഭാഗങ്ങളിലായി അയച്ച 15 ഡ്രോണുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ വെടിവെച്ചിട്ടു. നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് സൗദി അരാംകോ തങ്ങളുടെ എണ്ണക്കപ്പലുകള്‍ സുരക്ഷിതമായ യാമ്പു തുറമുഖത്തേക്ക് തിരിച്ചുവിട്ടു. മേഖലയിലെ സംഘര്‍ഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തില്‍ കടുത്ത ജാഗ്രതയിലാണ് ഗള്‍ഫ് രാജ്യങ്ങള്‍.


Related News

Comments

No comments yet. Be the first to comment!

Leave a Comment