Wednesday, July 22, 2026
Kerala News

ആറ്റുകാല്‍ പൊങ്കാലക്ക് ശേഷം മാലിന്യം കുന്നുകൂടി; അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി മന്ത്രി വി ശിവന്‍കുട്ടി

 ആറ്റുകാല്‍ പൊങ്കാലക്ക് ശേഷം മാലിന്യം കുന്നുകൂടി; അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി മന്ത്രി വി ശിവന്‍കുട്ടി


ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷം നഗരത്തിലെ പല ഭാഗങ്ങളിലും മാലിന്യം കുന്നുകൂടി കിടക്കുന്നതായി പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ചിലര്‍ ഫോണില്‍ വിളിച്ചും മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളിലൂടെയും ഈ വിവരം അറിഞ്ഞതായും മന്ത്രി വ്യക്തമാക്കി.

സര്‍ക്കാരിന് എല്ലാ കാര്യങ്ങളിലും ഉത്തരവാദിത്വമുണ്ടെന്നും, ഏത് വിഷയങ്ങളില്‍ ഇടപെടണം എന്നതില്‍ സര്‍ക്കാരിന് വ്യക്തമായ ബോധ്യമുണ്ടെന്നും മന്ത്രി പറഞ്ഞു. സംഭവത്തെ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നതും പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പൊങ്കാല കഴിഞ്ഞിട്ടും ശുചീകരണവുമായി ബന്ധപ്പെട്ട് സിപിഎമ്മും ബിജെപിയും തമ്മിലുള്ള വാക്കുതര്‍ക്കം ശക്തമാകുകയാണ്.

ഇതിനിടെ മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രതികരണത്തിന് മറുപടിയുമായി തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ് രംഗത്തെത്തി. പൊങ്കാലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഭംഗിയായി നടന്നുവെന്ന് മന്ത്രി തന്നെ ആദ്യം പറഞ്ഞിരുന്നുവെന്നും ഇപ്പോള്‍ സമ്മര്‍ദ്ദം മൂലമാണ് നിലപാട് മാറ്റി പറയുന്നതെന്നും മേയര്‍ ആരോപിച്ചു. 45 വര്‍ഷം നിലനിന്നിരുന്ന ഭരണനഷ്ടത്തിന്റെ വേദന സിപിഎമ്മിനുണ്ടാകാമെന്നും, കോര്‍പ്പറേഷന്‍ കാര്യങ്ങള്‍ കൃത്യമായി നിര്‍വഹിച്ചിട്ടുണ്ടെന്നും വി.വി. രാജേഷ് പ്രതികരിച്ചു.

നഗരത്തിലെ മാലിന്യ നീക്കം പൂര്‍ണമായി നടന്നിട്ടില്ലെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആറ്റുകാല്‍ കൗണ്‍സിലര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇടറോഡുകളിലും ക്ഷേത്രപരിസരത്തും നിന്നുള്ള മാലിന്യം നീക്കിയില്ലെങ്കില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തി വൃത്തിയാക്കുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ സിപിഎം രാഷ്ട്രീയലാഭത്തിനായി വിഷയം ഉയര്‍ത്തുകയാണെന്നാണ് കോര്‍പ്പറേഷന്‍ വാദം.


Related News

Comments

No comments yet. Be the first to comment!

Leave a Comment