Wednesday, July 22, 2026
Kerala News

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത: ഫസ്റ്റ് ബ്ലാസ്റ്റിന് സ്വിച്ച് ഓണ്‍ ചെയ്ത് മുഖ്യമന്ത്രി

 ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത: ഫസ്റ്റ് ബ്ലാസ്റ്റിന് സ്വിച്ച് ഓണ്‍ ചെയ്ത് മുഖ്യമന്ത്രി


കോഴിക്കോട്: ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത പദ്ധതിയുടെ ഫസ്റ്റ് ബ്ലാസ്റ്റിന്റെ സ്വിച്ച് ഓണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസും ചടങ്ങില്‍ പങ്കെടുത്തു. മറിപ്പുഴ പദ്ധതി പ്രദേശത്താണ് ചടങ്ങുകള്‍ നടന്നത്.

2025 ഓഗസ്റ്റ് 31-നാണ് മുഖ്യമന്ത്രി തുരങ്കപാതയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് അനുബന്ധ നിര്‍മാണങ്ങളായ താല്‍ക്കാലിക പാലം, ക്രഷര്‍ യൂണിറ്റ്, ഫ്യൂവല്‍ ടാങ്ക്, തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള ക്യാമ്പ് ഷെഡ് എന്നിവ പൂര്‍ത്തിയാക്കിയ ശേഷമാണ് പദ്ധതിയുടെ പ്രധാന ഘട്ടങ്ങളിലൊന്നായ ബ്ലാസ്റ്റിംഗ് ആരംഭിച്ചത്. ബ്ലാസ്റ്റിംഗിന്റെ അപകടസാധ്യത കണക്കിലെടുത്ത് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്.

വയനാട്‌കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന 8.73 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കപാതയാണ് പദ്ധതി. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിന്റെ (KIIFB) ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ നടത്തിപ്പിനും നിര്‍വഹണത്തിനുമുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡിനെ നിയമിച്ചിട്ടുണ്ട്. നാല് വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2134.5 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് കണക്കാക്കുന്നത്. ഏതു കാലാവസ്ഥയിലും സുഗമമായി സഞ്ചരിക്കാന്‍ കഴിയുന്ന വിധത്തിലാണ് പാത ഒരുക്കുന്നത്. താമരശ്ശേരി ചുരത്തിന് ബദലായി കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന നാലുവരി തുരങ്കപാതയാണ് നിര്‍മിക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ ആനക്കാംപൊയില്‍ നിന്ന് 22 കിലോമീറ്റര്‍ മാത്രം സഞ്ചരിച്ചാല്‍ മേപ്പാടിയിലെത്താനാകും. കാര്‍ഷികവും ടൂറിസം മേഖലയ്ക്കും വലിയ പ്രാധാന്യമര്‍ഹിക്കുന്ന പദ്ധതിയാണിത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment