Wednesday, July 22, 2026
Kerala News

ജാസ്‌ലിയയുടെ അപകടമരണം: പ്രതി ഡോ.സിറിയക് ജോര്‍ജ് പിടിയില്‍

ജാസ്‌ലിയയുടെ അപകടമരണം: പ്രതി ഡോ.സിറിയക് ജോര്‍ജ് പിടിയില്‍

കൊച്ചി:  അങ്കമാലിയില്‍ കോളജ് വിദ്യാര്‍ഥി ജാസ്‌ലിയ വാഹനാപകടത്തില്‍ മരിച്ച കേസില്‍ പ്രതി ഡോ. സിറിയക് പി. ജോര്‍ജ് കസ്റ്റഡിയില്‍.  വാഗമണ്ണിലെ ഒരു റിസോര്‍ട്ടില്‍ ഒളിവിലിരിക്കെ വാഗമണ്‍ പോലീസാണ് ഇയാളെ പിടികൂടിയത്. പ്രതിയെ ഉടന്‍ തന്നെ അങ്കമാലി പോലീസിന് കൈമാറും. അപകടം നടന്ന് ഏഴ് ദിവസത്തിന് ശേഷമാണ് സിറിയക് പിടിയിലാകുന്നത്. പ്രതിയെ ഒളിവില്‍ പോകാന്‍ സഹായിച്ചതിന് ഇയാളുടെ പിതാവ് ജോര്‍ജ് മാത്യുവിനെ ഇന്ന് രാവിലെ അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിതാവിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതിയുടെ ഒളിത്താവളത്തെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്.

ഫെബ്രുവരി 28-ന് നടന്ന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് 19-കാരിയായ ജാസ്ലിയ മരണമടഞ്ഞത്. മരണശേഷം ജാസ്ലിയയുടെ അവയവങ്ങള്‍ ദാനം ചെയ്തിരുന്നു. പ്രതിയെ പിടികൂടാന്‍ പോലീസ് വൈകുന്നുവെന്ന് ആരോപിച്ച് ജാസ്ലിയയുടെ കുടുംബം വലിയ പ്രതിഷേധത്തിലായിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആലുവ റൂറല്‍ എസ്പി വ്യക്തമാക്കി. സിറിയക് കോട്ടയം സെഷന്‍സ് കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ് നടന്നത് എന്നത് ശ്രദ്ധേയമാണ്.




Related News

Comments

No comments yet. Be the first to comment!

Leave a Comment