ജറുസലേം: ഇറാനിലെ പരമോന്നത നേതാവായിരുന്ന ഖമെനി കൊല്ലപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ പിന്‍ഗാമിയെ നിയമിക്കുന്ന നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍, പുതിയ നേതൃത്വത്തെയും ലക്ഷ്യം വയ്ക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇസ്രയേല്‍ രംഗത്ത്.
ശനിയാഴ്ച നടന്ന യുഎസ്-ഇസ്രായേല്‍ സംയുക്ത വ്യോമാക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെ ഇറാനിലെ ഉന്നത നേത്യത്വം പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇസ്രായേല്‍ പ്രതിരോധ മന്ത്രി കടുത്ത നിലപാട് പ്രഖ്യാപിച്ചത്.
ഓപ്പറേഷന്‍ റോറിംഗ് ലയണ്‍ എന്ന സൈനിക നീക്കത്തിന്റെ ഭാഗമായി ഇറാനിലെ പുതിയ ഭരണാധികാരിയെയും ലക്ഷ്യം വയ്ക്കാന്‍ പ്രതിരോധ സേനയ്ക്ക് പ്രധാനമന്ത്രിയും താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കാറ്റ്‌സ് വ്യക്തമാക്കി. അധികാരമേല്‍ക്കുന്ന വ്യക്തിയുടെ പേരോ ഒളിത്താവളമോ പ്രശ്‌നമല്ലെന്നും, ഇസ്രായേല്‍ തന്റെ ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കയുമായി സഹകരിച്ച് ഇറാന്റെ സൈനിക ശേഷി തകര്‍ക്കുമെന്നും നിലവിലെ ഭരണകൂടത്തെ അട്ടിമറിച്ച് ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ ഇറാനിലെ ജനങ്ങളെ പിന്തുണയ്ക്കുമെന്നും ഇസ്രായേല്‍ ആവര്‍ത്തിച്ചു. മേഖലയിലെ സംഘര്‍ഷാവസ്ഥ ഇതോടെ കൂടുതല്‍ രൂക്ഷമാകാനുള്ള സാധ്യത ഉയര്‍ന്നിരിക്കുകയാണ്.
Comments
No comments yet. Be the first to comment!
Leave a Comment