Wednesday, July 22, 2026
India News

ഖമനയിയുടെ വധത്തിലെ ഇന്ത്യയുടെ നിശബ്ദത നിഷ്പക്ഷതയല്ല; രൂക്ഷമായി വിമര്‍ശിച്ച് സോണിയ ഗാന്ധി

ഖമനയിയുടെ വധത്തിലെ ഇന്ത്യയുടെ നിശബ്ദത നിഷ്പക്ഷതയല്ല; രൂക്ഷമായി വിമര്‍ശിച്ച് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഇസ്രയേല്‍-യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നിശബ്ദതയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയ ഗാന്ധി. ഒരു പരമാധികാര രാഷ്ട്രത്തിന്റെ തലവനെ വധിച്ചത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നും ഇതില്‍ ഇന്ത്യ പുലര്‍ത്തുന്ന മൗനം നിഷ്പക്ഷതയല്ലെന്നും ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ സോണിയ ഗാന്ധി വ്യക്തമാക്കി. രാജ്യത്തിന്റെ വിദേശനയത്തിന്റെ വിശ്വാസ്യതയെ തന്നെ ഈ നിലപാട് ചോദ്യം ചെയ്യുന്നതായും അവര്‍ ചൂണ്ടിക്കാട്ടി.

അധികാരത്തിലിരിക്കുന്ന ഒരു രാഷ്ട്രത്തലവന്‍ ചര്‍ച്ചകള്‍ക്കിടെ കൊല്ലപ്പെടുന്നത് അന്താരാഷ്ട്ര ബന്ധങ്ങളില്‍ വലിയ വിള്ളല്‍ വീഴ്ത്തുന്ന കാര്യമാണെന്ന് സോണിയ ഗാന്ധി പറഞ്ഞു. ഇതിനോടുള്ള ഇന്ത്യയുടെ പ്രതികരണം ഞെട്ടിക്കുന്നതാണ്. യുഎസ്-ഇസ്രയേല്‍ ആക്രമണത്തെ തുടക്കത്തില്‍ അവഗണിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, പിന്നീട് ഇറാന്‍ നടത്തിയ പ്രതികാര നടപടികളെ അപലപിക്കാന്‍ മാത്രമാണ് തയ്യാറായതെന്ന് അവര്‍ കുറ്റപ്പെടുത്തി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഈ നിശബ്ദത ലോകക്രമത്തിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്നും സോണിയ മുന്നറിയിപ്പ് നല്‍കി.

ഖമനയി വധിക്കപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പാണ് പ്രധാനമന്ത്രി മോദി ഇസ്രയേല്‍ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയത്. ഗസ്സയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെടുന്നതിനിടയിലും ബെഞ്ചമിന്‍ നെതന്യാഹുവിന് പിന്തുണ പ്രഖ്യാപിക്കുകയാണ് അദ്ദേഹം ചെയ്തത്. ഇറാന്‍ മണ്ണില്‍ നടന്ന ആക്രമണങ്ങളെയും കൊലപാതകങ്ങളെയും കോണ്‍ഗ്രസ് ശക്തമായി അപലപിക്കുന്നുവെന്നും ഇന്ത്യയുടെ സ്വതന്ത്രമായ വിദേശനയമാണ് എന്നും രാജ്യത്തിന് ആഗോളതലത്തില്‍ വിശ്വാസ്യത നല്‍കിയിട്ടുള്ളതെന്നും ലേഖനത്തില്‍ പറയുന്നു.

2001-ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ഇറാന്‍ സന്ദര്‍ശിച്ചതും ഉഭയകക്ഷി ബന്ധം പുതുക്കിയതും ഇപ്പോഴത്തെ സര്‍ക്കാര്‍ ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന് സോണിയ ഓര്‍മ്മിപ്പിച്ചു. വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തില്‍ ഇന്ത്യയുടെ ഈ അസ്വസ്ഥപ്പെടുത്തുന്ന നിശബ്ദത പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. പശ്ചിമേഷ്യന്‍ പ്രതിസന്ധിയില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കണമെന്ന സമ്മര്‍ദ്ദം പ്രതിപക്ഷ ഭാഗത്തുനിന്ന് ശക്തമാകുകയാണ്.

Related News

Comments

No comments yet. Be the first to comment!

Leave a Comment