Wednesday, July 22, 2026
Kerala News

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.പി ഉണ്ണികൃഷ്ണന്‍ അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.പി ഉണ്ണികൃഷ്ണന്‍ അന്തരിച്ചു

കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.പി. ഉണ്ണികൃഷ്ണന്‍ (89) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അന്ത്യം. 1989-90 കാലഘട്ടത്തില്‍ വി.പി. സിംഗ് സര്‍ക്കാരില്‍ ഉപരിതല ഗതാഗത, വാര്‍ത്താവിനിമയ വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്രമന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇറാഖ് - കുവൈറ്റ് യുദ്ധകാലത്ത് കുവൈറ്റില്‍ കുടുങ്ങിപ്പോയ മലയാളി നഴ്സുമാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു.

വടകര ലോക്‌സഭാ മണ്ഡലത്തെ തുടര്‍ച്ചയായി ആറ് തവണ പ്രതിനിധീകരിച്ച അദ്ദേഹം കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ സാന്നിധ്യമായിരുന്നു. 1971-ല്‍ ആദ്യമായി പാര്‍ലമെന്റിലെത്തിയ അദ്ദേഹം പിന്നീട് 1977, 1980, 1984, 1989, 1991 വര്‍ഷങ്ങളിലും വിജയം ആവര്‍ത്തിച്ചു. കേരളത്തില്‍ ഒരേ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ തവണ വിജയിച്ച വ്യക്തി എന്ന അപൂര്‍വ്വ റെക്കോര്‍ഡിനും അദ്ദേഹം ഉടമയാണ്.

1936 സെപ്റ്റംബര്‍ 20-ന് കൊയിലാണ്ടിയില്‍ ജനിച്ച കെ.പി. ഉണ്ണികൃഷ്ണന്‍, മദ്രാസ് പ്രസിഡന്‍സി കോളേജിലെയും മദ്രാസ് ലോ കോളേജിലെയും പഠനകാലത്താണ് രാഷ്ട്രീയത്തില്‍ സജീവമായത്. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെ രാഷ്ട്രീയ ജീവിതം തുടങ്ങിയ അദ്ദേഹം 1960-ലാണ് കോണ്‍ഗ്രസില്‍ അംഗമായത്. തുടര്‍ന്ന് എ.ഐ.സി.സി അംഗമായും നാഷണല്‍ യൂണിയന്‍ ഓഫ് സ്റ്റുഡന്റ്‌സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

രാഷ്ട്രീയത്തിന് പുറമെ പത്രപ്രവര്‍ത്തന രംഗത്തും അദ്ദേഹം തന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. ബ്ലിറ്റ്സ്, ശങ്കേഴ്‌സ് വീക്കിലി, ടൈംസ് ഓഫ് ഇന്ത്യ, മാതൃഭൂമി തുടങ്ങിയ പ്രമുഖ മാധ്യമങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. അഡ്വ. ഇ. കുഞ്ഞിക്കണ്ണന്‍ നായരുടെയും മാളു അമ്മയുടെയും മകനാണ്. അമൃതയാണ് ഭാര്യ. സുദക്ഷിണ, നിരഞ്ജന എന്നിവരാണ് മക്കള്‍.


Related News

Comments

No comments yet. Be the first to comment!

Leave a Comment