Wednesday, July 22, 2026
Kerala News

പി.ജെ ജോസഫ് മത്സത്തിനില്ല; തൊടുപുഴയില്‍ അപു ജോസഫ് സ്ഥാനാര്‍ഥിയായേക്കും

പി.ജെ ജോസഫ് മത്സത്തിനില്ല; തൊടുപുഴയില്‍ അപു ജോസഫ് സ്ഥാനാര്‍ഥിയായേക്കും

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ സജീവമാക്കി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രാഥമിക ധാരണയിലെത്തി. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നതിനാല്‍ പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫ് ഇത്തവണ മത്സരരംഗത്തുണ്ടാകില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റം. ജോസഫിന്റെ തട്ടകമായ തൊടുപുഴയില്‍ മകന്‍ അപു ജോസഫ് സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് സൂചന. കോട്ടയത്ത് ഈയാഴ്ച ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഔദ്യോഗികമായി നടക്കും.

സീറ്റ് വിഭജന ചര്‍ച്ചകളുടെ ഭാഗമായി ഇടുക്കി സീറ്റ് ഇത്തവണ കോണ്‍ഗ്രസിന് വിട്ടുനല്‍കാന്‍ ജോസഫ് വിഭാഗം തയ്യാറായതായാണ് റിപ്പോര്‍ട്ട്. മറ്റ് പ്രമുഖ മണ്ഡലങ്ങളില്‍ പരിചയസമ്പന്നരായ നേതാക്കളെത്തന്നെ കളത്തിലിറക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും, ഏറ്റുമാനൂരില്‍ തോമസ് ഉണ്ണിയാടനും ജനവിധി തേടും. കുട്ടനാട് സീറ്റില്‍ റെജി ചെറിയാനെയും ഇരിങ്ങാലക്കുടയില്‍ കെ.വി. കണ്ണനെയും സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്നു.

തിരുവല്ലയില്‍ വര്‍ഗീസ് മാമന്‍, കോതമംഗലത്ത് ഷിബു തെക്കുംപുറം, തൃക്കരിപ്പൂരില്‍ അഡ്വ. എം. വിനോദ് എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍ഗണന. ചങ്ങനാശ്ശേരി സീറ്റിനായി വിനു ജോബ്, വി.ജെ. ലാലി എന്നിവര്‍ പട്ടികയിലുണ്ട്. പി.ജെ. ജോസഫിന്റെ അസാന്നിധ്യത്തില്‍ പാര്‍ട്ടിക്ക് കരുത്ത് തെളിയിക്കേണ്ട വലിയ ഉത്തരവാദിത്തമാണ് പുതിയ സ്ഥാനാര്‍ത്ഥി നിരയ്ക്കുള്ളത്. യുഡിഎഫ് നേതൃത്വവുമായുള്ള അന്തിമ ചര്‍ച്ചകള്‍ക്ക് ശേഷം പട്ടികയില്‍ നേരിയ മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment