Wednesday, July 22, 2026
India News

ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷം: സ്ഥിതി വിലയിരുത്തി വിദേശകാര്യ മന്ത്രാലയം

ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷം:  സ്ഥിതി വിലയിരുത്തി വിദേശകാര്യ മന്ത്രാലയം

ഡല്‍ഹി: ഇറാന്‍-ഇസ്രയേല്‍ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യ അതീവ ജാഗ്രതയില്‍. സംഘര്‍ഷാവസ്ഥ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവുമായി ടെലിഫോണില്‍ സംസാരിച്ചു. സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്നും യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ചേര്‍ന്ന സുരക്ഷാകാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതിയുടെ (CCS) നിര്‍ണ്ണായക യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി നെതന്യാഹുവുമായി ആശയവിനിമയം നടത്തിയത്. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഒമാന്‍ വിദേശകാര്യമന്ത്രിയുമായി സംസാരിക്കുകയും മേഖലയിലെ ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ പങ്കുവെക്കുകയും ചെയ്തു.

അതേസമയം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയെ ലക്ഷ്യമിട്ടുണ്ടായ സൈനിക ആക്രമണത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമാണ്. കശ്മീര്‍, ലഡാക്ക്, ലഖ്നൗ, ഡല്‍ഹി എന്നിവിടങ്ങളില്‍ ഷിയാ വിഭാഗക്കാര്‍ വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ഡല്‍ഹിയിലെ ഇറാന്‍ എംബസിക്ക് മുന്നില്‍ മെഴുകുതിരി മാര്‍ച്ച് സംഘടിപ്പിച്ചു. ഖമനയിയെ ലക്ഷ്യമിട്ടുള്ള നീക്കത്തെ കോണ്‍ഗ്രസ് ശക്തമായി അപലപിച്ചു. ഒരു പരമാധികാര രാഷ്ട്രത്തെ അട്ടിമറിക്കാനുള്ള ശ്രമം ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന് വിരുദ്ധമാണെന്നും ഓരോ രാജ്യത്തിന്റെയും രാഷ്ട്രീയ ഭാവി തീരുമാനിക്കാനുള്ള അവകാശം അവിടുത്തെ ജനങ്ങള്‍ക്കാണെന്നും കോണ്‍ഗ്രസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

സംഘര്‍ഷം രൂക്ഷമായതോടെ ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടത് ആയിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കിയിട്ടുണ്ട്. പല വിമാനങ്ങളും റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തതോടെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇന്ത്യയുടെ നയതന്ത്ര പ്രതിനിധികള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment