തിരുവനന്തപുരം: നഗരൂരില്‍ പൊലീസിനെ തടഞ്ഞുനിര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രതീഷ്, വിഷ്ണു എന്നിവരെയാണ് നഗരൂര്‍ പൊലീസ് പിടികൂടിയത്. നഗരൂര്‍ എസ്‌ഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ അക്രമിക്കാന്‍ ശ്രമിച്ച കേസില്‍ ആകെ ഒന്‍പത് പേര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മന്ത്രി വീണാ ജോര്‍ജിനെതിരായ കെഎസ്യു അക്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ തകര്‍ത്ത കേസില്‍ പ്രതികള്‍ക്ക് നോട്ടീസ് നല്‍കാന്‍ പോയ പൊലീസ് സംഘത്തിന് നേരെയാണ് അതിക്രമം ഉണ്ടായത്. രണ്ട് പ്രതികളുടെ വീട്ടില്‍ നോട്ടീസ് നല്‍കിയ ശേഷം മൂന്നാമത്തെയാളുടെ വീട്ടിലേക്ക് പോകവെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പൊലീസ് വാഹനം നടുറോഡില്‍ തടയുകയായിരുന്നു. പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പൊലീസിനെ അസഭ്യം വിളിക്കുന്നതിന്റെയും ആക്രമിക്കാന്‍ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തെത്തുടര്‍ന്ന് നഗരൂര്‍ പൊലീസ് സ്റ്റേഷനില്‍ വലിയ സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്. എന്നാല്‍ പൊലീസ് പ്രവര്‍ത്തകരെ അസഭ്യം വിളിച്ചുവെന്നും തങ്ങള്‍ക്കെതിരെ ഏകപക്ഷീയമായ നടപടിയാണ് ഉണ്ടാകുന്നതെന്നുമാണ് ഡിവൈഎഫ്ഐയുടെ ആരോപണം. കേസില്‍ കൂടുതല്‍ പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment