കോഴിക്കോട്: കെഎസ്യു പ്രതിഷേധത്തില്‍ കഴുത്തിന് പരുക്കേറ്റ് ഐസിയുവില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിനൊപ്പം ആരോഗ്യപ്രവര്‍ത്തകര്‍ സെല്‍ഫിയെടുത്ത സംഭവത്തില്‍ വിശദീകരണം തേടി ആരോഗ്യമന്ത്രിയുടെ ഓഫിസ്. ഐസിയു പ്രോട്ടോക്കോള്‍ ലംഘിച്ച് ഫോട്ടോയെടുത്ത സംഭവത്തില്‍ മന്ത്രിയുടെ ഓഫിസ് മെഡിക്കല്‍ കോളജ് സൂപ്രണ്ടിനോട് വിശദീകരണം തേടി. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആശുപത്രി സൂപ്രണ്ട് ഉത്തരവിട്ടിട്ടുണ്ട്. ചട്ടലംഘനം നടത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകാനാണ് സാധ്യത.
ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്കൊപ്പം ഫോട്ടോയെടുക്കാന്‍ പാടില്ലെന്ന കര്‍ശനമായ ചട്ടം നിലനില്‍ക്കെയാണ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ഇത്തരമൊരു ഫോട്ടോഷൂട്ട് നടന്നത്. എന്നാല്‍, സംഭവത്തില്‍ വിശദീകരണവുമായി മന്ത്രിക്കൊപ്പം ഫോട്ടോയെടുത്ത സ്മിത എന്ന നഴ്സ് രംഗത്തെത്തി. മന്ത്രിയെ ആദ്യ ദിവസം മുതല്‍ പരിചരിച്ചിരുന്ന തങ്ങള്‍ക്ക് അവരോട് ഒരു പ്രത്യേക അടുപ്പമുണ്ടായെന്നും, ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ മന്ത്രി സമ്മതം മൂളുകയുമായിരുന്നുവെന്നുമാണ് നഴ്സ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്.
അതേസമയം, ഈ ചിത്രം രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് കെഎസ്യു ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംഘടനകള്‍. കഴുത്തിന് ഗുരുതര പരുക്കേറ്റ് ഐസിയുവില്‍ കഴിയുന്ന മന്ത്രി നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ഫോട്ടോഷൂട്ട് നടത്തുകയാണെന്ന് കെഎസ്യു പരിഹസിച്ചു. മന്ത്രി ഐസിയു ദുരുപയോഗം ചെയ്യുകയാണെന്നും പരുക്കിന്റെ ഗൗരവം ബോധ്യപ്പെടുത്താനുള്ള നാടകമാണിതെന്നും ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിന്‍ നടത്തുന്നത്. വിവാദങ്ങള്‍ക്കിടെ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ മന്ത്രി ആശുപത്രി വിട്ടു. തിരുവനന്തപുരത്തെത്തിയാകും മന്ത്രിയുടെ തുടര്‍ച്ചികിത്സ.
Comments
No comments yet. Be the first to comment!
Leave a Comment