കോഴിക്കോട്: കെഎസ്യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ കഴുത്തിന് പരുക്കേറ്റ് ചികിത്സയിലായിരുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മന്ത്രി, ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ ഔദ്യോഗിക വാഹനത്തില്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം മന്ത്രിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് വിലയിരുത്തിയിരുന്നു. രക്തസമ്മര്‍ദ്ദം സാധാരണ നിലയിലായതിനെത്തുടര്‍ന്ന് മന്ത്രി തന്നെ ഡിസ്ചാര്‍ജ് ആവശ്യപ്പെടുകയായിരുന്നു. തിരുവനന്തപുരത്തെത്തിയാല്‍ മന്ത്രി തുടര്‍ചികിത്സ തേടും.
മന്ത്രിക്ക് നേരെ നടന്നത് ആസൂത്രിതമായ വധശ്രമമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സിപിഐഎം. എന്നാല്‍, മന്ത്രിയെ കെഎസ്യു പ്രവര്‍ത്തകര്‍ നേരിട്ട് മര്‍ദിച്ചതിന് തെളിവില്ലെന്നാണ് പ്രതിപക്ഷ വാദം. ഇതിനിടെ, മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഹാജരാക്കുന്നവര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് ഒരു പവന്‍ സ്വര്‍ണം പാരിതോഷികം പ്രഖ്യാപിച്ചത് രാഷ്ട്രീയ വടംവലിക്ക് ആക്കം കൂട്ടിയിട്ടുണ്ട്. പുറത്തുവന്ന ദൃശ്യങ്ങളില്‍ മന്ത്രിയെ ആരും കയ്യേറ്റം ചെയ്യുന്നതായി കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വെല്ലുവിളിയുമായി പ്രതിപക്ഷം രംഗത്തെത്തിയത്.
അതേസമയം, പരിയാരം മെഡിക്കല്‍ കോളജിലെ ഐസിയുവില്‍ വെച്ച് നഴ്‌സുമാര്‍ക്കൊപ്പം മന്ത്രി എടുത്ത ചിത്രം വലിയ വിവാദത്തിന് വഴിതെളിച്ചിരിക്കുകയാണ്. കഴുത്തിന് ഗുരുതര പരുക്കുണ്ടെന്ന് പറയുന്ന മന്ത്രി, ഐസിയു പ്രോട്ടോക്കോളുകള്‍ ലംഘിച്ച് ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തത് നാടകമാണെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നുണ്ട്. മന്ത്രിയുടേത് സിംപതി പിടിച്ചുപറ്റാനുള്ള രാഷ്ട്രീയ നീക്കമാണെന്ന് ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ക്യാമ്പയിന്‍ നടത്തുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment