Monday, July 27, 2026
Kerala News

രാഹുലിനെതിരെ രേഖാമൂലമുള്ള പരാതിയോ കേസോ ഇല്ല; ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ രാജിവെച്ചു: പ്രതിരോധിച്ച് ഷാഫി പറമ്പില്‍

രാഹുലിനെതിരെ രേഖാമൂലമുള്ള പരാതിയോ കേസോ ഇല്ല; ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ രാജിവെച്ചു: പ്രതിരോധിച്ച് ഷാഫി പറമ്പില്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതികള്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ എംപി. ആരോപണം ഉയര്‍ന്നപ്പോള്‍ രാഹുല്‍ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് രാജി സന്നദ്ധത അറിയിക്കുകയായിരുന്നുവെന്നും അത് നേതൃത്വം അംഗീകരിച്ചെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. സിപിഐഎം നേതാക്കള്‍ക്കെതിരെയായിരുന്നെങ്കില്‍ ധാര്‍മ്മികതയെന്ന് പറഞ്ഞ് വിഷയത്തെ നിസാരവത്ക്കരിക്കുമായിരുന്നു. പാര്‍ട്ടി സ്ഥാനം രാഹുല്‍ ഒഴിഞ്ഞിട്ടും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുകയാണെന്നും ധാര്‍മ്മികത പഠിപ്പിക്കുകയാണെന്നും ഷാഫി പറമ്പില്‍ വടകരയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇവിടെ ഒരു എംഎല്‍എയ്ക്കെതിരെ കേസ് എടുക്കുകയും ചാര്‍ജ്ഷീറ്റ് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആരോപണവിധേയന്‍ ആ സ്ഥാനത്ത് തുടരട്ടെ എന്നായിരുന്നു ആ പാര്‍ട്ടിയുടെ നിലപാട്. അങ്ങനെ തീരുമാനമെടുത്തവര്‍ക്ക് എങ്ങനെ കോണ്‍ഗ്രസ് എംഎല്‍എയുടെ രാജി ആവശ്യപ്പെടാന്‍ സാധിക്കുമെന്നും ഷാഫി പറമ്പില്‍ ചോദിച്ചു. കോണ്‍ഗ്രസിനെ നിശബ്ദമാക്കാം എന്നാണ് ചിലര്‍ ചിന്തിക്കുന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. മാധ്യമങ്ങള്‍ ആ അജണ്ടയുടെ ഭാഗമാകുകയാണ്. പ്രതിഷേധങ്ങളുടെയോ സമരങ്ങളുടെയോ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിര്‍വീര്യമാകില്ല. സര്‍ക്കാരിന്റെ വീഴ്ചകളെ തുറന്നുകാട്ടുന്ന സമീപനം തുടരുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

രാഹുലിനെതിരെ ആരോപണം വന്നപ്പോള്‍ താന്‍ ബിഹാറിലേക്ക് ഒളിച്ചോടി എന്ന് പറയുന്നത് ശരിയല്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ഡല്‍ഹിയില്‍ നിന്ന് ബിഹാറിലേക്ക് പോകാന്‍ എളുപ്പമായതിനാലാണ് പാര്‍ലമെന്ററി സമ്മേളനം കഴിഞ്ഞുടന്‍ അങ്ങോട്ട് തിരിച്ചത്. തിരികെ വന്നയുടന്‍ മാധ്യമങ്ങളെ കാണാന്‍ തയ്യാറാകുന്നു. ബിഹാറിലേക്ക് മുങ്ങി എന്ന് പറയുന്നത് ശരിയാണോ എന്ന് മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

മാധ്യമങ്ങളെ എല്ലാ കോണ്‍ഗ്രസ് നേതാക്കളും വരിവരിയായി നിന്ന് കാണണമെന്നുണ്ടോ എന്നും വിഷയത്തില്‍ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും അന്നുതന്നെ പ്രതികരിച്ചില്ലേ എന്നും ഷാഫി പറമ്പില്‍ ചോദിച്ചു. ഇന്നും തനിക്കെതിരെ പ്രതിഷേധമുണ്ടായില്ലേ എന്നിട്ടും ആരും ഒളിച്ചോടിയില്ലല്ലോ എന്നും പ്രതിഷേധങ്ങളേയും മാധ്യമങ്ങളേയും ധാരാളം കണ്ടിട്ടുള്ളതാണെന്നും അദ്ദേഹം തിരിച്ചടിച്ചു.




Related News

Comments

No comments yet. Be the first to comment!

Leave a Comment